
ന്യൂഡൽഹി: ഡൽഹിയിലെ കൃഷിഭവൻ വളപ്പിലുള്ള നൂറ്റാണ്ടിലേറെ പഴക്കമുള്ള ഖദീമി മസ്ജിദ് നീക്കം ചെയ്യാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സർക്കാർ ഓഫീസ് സമുച്ചയത്തിനുള്ളിൽ സ്ഥിരമായ മതപരമായ നിർമിതികൾ നിലനിർത്തുന്നത് അനുവദിക്കാനാവില്ലെന്നും ഇത് സർക്കാർ സ്വത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി കൃഷിഭവനും സമീപത്തെ ശാസ്ത്രിഭവനും പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങൾ നിർമിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായാണ് മസ്ജിദ് മാറ്റാനുള്ള നീക്കമെന്നും ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമി കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് സർക്കാരിന്റെ വാദം. 1940-ലെ കരാർ പ്രകാരം പള്ളിയുടെ പരിപാലന സമിതിക്ക് താൽക്കാലിക അനുമതി മാത്രമാണ് നൽകിയിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ മുൻ നിലപാട് വ്യത്യസ്തമായിരുന്നു. കൃഷിഭവനിലെ പള്ളി ഉൾപ്പെടെ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി ബാധിക്കപ്പെടാൻ സാധ്യതയുള്ള ആറ് പള്ളികൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 2021-ൽ ഡൽഹി വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് ഹർജിയിൽ മറുപടി നൽകിയ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, പള്ളികൾക്ക് പദ്ധതിയുടെ ഭാഗമായി നാശനഷ്ടമുണ്ടാകില്ലെന്നായിരുന്നു കോടതിയെ അറിയിച്ചത്. പദ്ധതി വളരെ ദീർഘകാലത്തേക്കുള്ളതാണെന്നും അതുമായി ബന്ധപ്പെട്ട് അത്തരം നടപടികളിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, സർക്കാർ ഓഫീസ് സമുച്ചയങ്ങളിൽ മതപരമായ നിർമിതികൾ അനുവദിക്കാനാകില്ലെന്ന കേന്ദ്രത്തിന്റെ പുതിയ വാദത്തിൽ ഡൽഹി ഹൈക്കോടതി വിശദീകരണം തേടി. ഇത്തരം നിർമിതികൾക്ക് വിലക്കേർപ്പെടുത്തുന്ന പ്രത്യേക നിയമങ്ങളുണ്ടോയെന്നാണ് കോടതി ചോദിച്ചത്. കേന്ദ്രസർക്കാരിന്റെ വാദത്തോട് പ്രതികരിക്കാൻ ഖദീമി മസ്ജിദ് പരിപാലന സമിതിക്ക് കോടതി സമയം അനുവദിച്ചിട്ടുണ്ട്. നവംബർ 23-നാണ് അടുത്ത വാദം.
പള്ളി പൊളിച്ചുമാറ്റുമെന്ന ആശങ്കയെ തുടർന്നാണ് സെപ്റ്റംബറിൽ മസ്ജിദ് സംരക്ഷണ സമിതി കോടതിയെ സമീപിച്ചത്. സ്വാതന്ത്ര്യാനന്തര കാലം മുതൽ കൃഷിഭവനിലും സമീപത്തെ കേന്ദ്രസർക്കാർ ഓഫീസുകളിലും ജോലി ചെയ്യുന്ന ജീവനക്കാർ നമസ്കാരത്തിനായി ഈ പള്ളി ഉപയോഗിച്ചുവരുന്നുണ്ടെന്നാണ് സമിതിയുടെ വാദം. കാലക്രമേണ ഇത് സ്ഥിരം പ്രാർത്ഥനാ കേന്ദ്രമായി മാറിയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, സർക്കാർ ഓഫീസുകളുടെ ഭൂമി ഭരണപരവും പൊതുസേവനപരവുമായ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കേണ്ടതാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കേന്ദ്രഭരണ പ്രദേശത്തെ പൊതുഭൂമിയിൽ സ്ഥിരമായ മതപരമായ അവകാശവാദങ്ങൾ ഉന്നയിക്കാനാകില്ലെന്നും സർക്കാർ കോടതിയിൽ വാദിച്ചു.
കൃഷിഭവനിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള ഇന്ത്യാ ഗേറ്റിന് സമീപം ഷാഹി മസ്ജിദ് സബ്ത ഗഞ്ച് പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. സമീപപ്രദേശത്ത് പ്രാർത്ഥനയ്ക്കുള്ള സൗകര്യം ആവശ്യമുള്ളവർക്ക് ഈ പള്ളി ഉപയോഗിക്കാമെന്നാണ് സർക്കാരിന്റെ വാദം.










